ഓഹരി വില ഇടിയുകയാണെങ്കില്‍ നിലവിലുള്ള ലാഭത്തെ സംരക്ഷിക്കാനായി കൈവശമുള്ള ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓപ്‌ഷനുകളില്‍ വ്യാപാരം ചെയ്യുന്ന മാര്‍ഗം സ്വീകരിക്കാവുന്നതാണ്‌.

ഒരു ഓഹരിയില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തെ സംരക്ഷിക്കാനോ നഷ്‌ടം പരിമിതപ്പെടുത്താനോ ആയി നിക്ഷേപകര്‍ക്ക്‌ അവലംബിക്കാവുന്ന തന്ത്രമാണ്‌ ഹെഡ്‌ജിംഗ്‌. നഷ്‌ട സാധ്യതയും റിസ്‌കും കുറയ്‌ക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്‌ ഇത്‌.

ഓഹരി വിപണിയിലെ ഹെഡ്‌ജിംഗിനായാണ്‌ ഡെറിവേറ്റീവുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഡെറിവേറ്റീവുകളില്‍ ഓപ്‌ഷന്‍ ഹെഡ്‌ജിംഗിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാര്‍ഗമാണ്‌. ഓപ്‌ഷനുകളുടെ പ്രധാന സവിശേഷത ഓപ്‌ഷന്‍ വാങ്ങുന്നതിലൂടെ പരിമിതമായ റിസ്‌ക്‌ മാത്രമേ നിക്ഷേപകന്‌ നേരിടേണ്ടി വരുന്നുള്ളൂ എന്നതാണ്‌. അതേ സമയം ഓപ്‌ഷന്‍ വാങ്ങുന്നയാള്‍ക്ക്‌ പരിധിയില്ലാത്ത ലാഭ സാധ്യതയുണ്ട്‌.

ഓപ്‌ഷന്‍ വാങ്ങുന്നവര്‍ ഓപ്‌ഷന്‍ പ്രീമിയം നല്‍കുകയാണ്‌ ചെയ്യേണ്ടത്‌. ഓപ്‌ഷന്‍ വാഹന ഇന്‍ഷുറന്‍സ്‌ പോലെയാണ്‌. സംഭവിക്കാന്‍ സാധ്യതയുള്ള നഷ്‌ടത്തില്‍ നിന്നു ള്ള പരിരക്ഷയാണ്‌ ഓപ്‌ഷന്‍ നല്‍കുന്നത്‌. ഉദാഹരണത്തിന്‌ വാഹന ഇന്‍ഷുറന്‍സ്‌ എടുക്കുന്ന ഒരാള്‍ അതിനായി ഒരു നിശ്ചി ത പ്രീമിയമാണ്‌ നല്‍കേണ്ടത്‌. ഒരു നിശ്ചിത കാലയളവിനുള്ളില്‍ വാഹനത്തിന്‌ സംഭവിക്കാവുന്ന അപകടങ്ങളില്‍ നിന്നുള്ള പരിരക്ഷയാണ്‌ ഇതിലൂടെ ലഭിക്കുന്നത്‌.

വാഹനത്തിന്‌ കേടുപാട്‌ സംഭവിക്കുകയാണെങ്കില്‍ പോളിസി ഉടമക്ക്‌ നഷ്‌ടപരിഹാരം ലഭിക്കും. അപകടം സംഭവിച്ചില്ലെങ്കില്‍ പ്രീമിയം നഷ്‌ടമാകും. ഇതു പോലെയാണ്‌ ഓപ്‌ഷനും. ഓപ്‌ഷനിലും നഷ്‌ടം സംഭവിക്കുകയാണെങ്കില്‍ പ്രീമിയം തുക മാത്രമാണ്‌ നഷ്‌ടമാകുന്നത്‌.

ഉദാഹരണത്തിന്‌ നിങ്ങള്‍ 1000 രൂപ വിലയുള്ളപ്പോള്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ 500 ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിനായി വാങ്ങിയിട്ടുണ്ടെന്ന്‌ കരുതുക. ഇപ്പോള്‍ ഓഹരി വില 1500 രൂപയാണെന്നിരിക്കട്ടെ. നിങ്ങളുടെ ലാഭം 2,50,000 രൂപ. വിപണി അമിതമായി ഉയര്‍ന്ന നിലയിലായതിനാല്‍ ഒരു തിരുത്തലിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ലാഭമെടുക്കാന്‍ ഓഹരികള്‍ വില്‍ക്കുകയാണ്‌ ഒരു മാര്‍ഗം. വില താഴേക്ക്‌ വന്നതിനു ശേഷം വീണ്ടും വാങ്ങാമെന്നാണ്‌ നിങ്ങള്‍ കരുതുന്നതെങ്കില്‍ ഓഹരി വിറ്റ്‌ കാത്തിരിക്കാവുന്നതാണെങ്കിലും നിങ്ങളുടെ പ്രതീക്ഷകള്‍ക്ക്‌ വിരുദ്ധമായി ഓഹരി വില ഉയരുകയാണെങ്കില്‍ തന്ത്രം പിഴയ്‌ക്കും. ദീര്‍ഘകാല നിക്ഷേപം എന്ന ലക്ഷ്യം കൈവരിക്കാനാകാതെ പോകുകയും ചെയ്യും.

കൈവശമുള്ള ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓഹരി വില ഇടിയുകയാണെങ്കില്‍ ലഭിച്ച ലാഭം കുറയുന്നത്‌ പ്രതിരോധിക്കാനായി മറ്റൊരു മാര്‍ഗം ഓപ്‌ഷന്‍ വാങ്ങുകയാണ്‌. ഓഹരി വില ഒരു മാസത്തിനകം 1400 രൂപയുടെ താഴേക്ക്‌ എത്താനാണ്‌ സാധ്യതയെന്ന്‌ നിങ്ങള്‍ കരുതുന്നുവെന്നിരിക്കട്ടെ. ഓഗസ്റ്റ്‌ 31ന്‌ കരാര്‍ കാലാവധി അവസാനിക്കുന്ന 1500 രൂപ സ്‌ട്രൈക്ക്‌ പ്രൈസിലുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ പുട്ട്‌ ഓപ്‌ഷന്‍ 20 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക്‌ വാങ്ങാവുന്നതാണ്‌. ( രണ്ട്‌ തരത്തിലുള്ള ഓപ്‌ഷനുകളാണുള്ളത്‌- പുട്ട്‌ ഓപ്‌ഷനും കോള്‍ ഓപ്‌ഷനും. ഓഹരി വില താഴുകയാണെങ്കില്‍ പുട്ട്‌ ഓപ്‌ഷന്റെ വില ഉയരുകയും ഓഹരി വില ഉയരുകയാണെങ്കില്‍ പുട്ട്‌ ഓപ്‌ഷന്റെ വില താഴുകയും ചെയ്യും. ഓഹരി വില ഉയരുകയാണെങ്കില്‍ കോള്‍ ഓപ്‌ഷന്റെ വില ഉയരുകയും ഓഹരി വില താഴുകയാണെങ്കില്‍ കോള്‍ ഓപ്‌ഷന്റെ വില താഴുകയും ചെയ്യും.) റിലയന്‍സിന്റെ ഓഹരി 1500 രൂപക്കു താഴേക്ക്‌ ഇടിയുകയാണെങ്കില്‍ പുട്ട്‌ ഓപ്‌ഷന്റെ വില ഉയരുകയും അതിലൂടെ ലാഭത്തിലെ ചോര്‍ച്ച നികത്താനും സാധിക്കും.

ഓഗസ്റ്റ്‌ ഓ ഗസ്റ്റ്‌ 31ന്‌ ക രാര്‍ കാലാവധി അവസാനിക്കു ന്ന 1500 രൂപ സ്‌ ട്രൈക്ക്‌ പ്രൈസിലുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ പുട്ട്‌ ഓപ്‌ഷന്‍ 20 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ വാങ്ങുമ്പോള്‍ 10,000 രൂപയാണ്‌ ചെല വ്‌ വരിക. 500 എണ്ണം വ രുന്ന ലോട്ടായാണ്‌ ഫ്യൂച്ചര്‍ & ഓപ്‌ഷന്‍സില്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ വ്യാപാരം ചെയ്യപ്പെടുന്നത്‌. ഓഹരി വില 1400 രൂപയിലേക്ക്‌ ഇടിയുകയാണെങ്കില്‍ ഓഗസ്റ്റ്‌ 31ന്‌ കരാര്‍ കാലാവധി അവസാനിക്കുന്ന സമയത്ത്‌ 1400 രൂപ സ്‌ട്രൈക്ക്‌ പ്രൈസിലുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ പുട്ട്‌ ഓപ്‌ഷന്റെ വില 100 രൂപയായിരിക്കും. അതായത്‌ ലോട്ടിന്റെ മൂല്യം 50,000 രൂപ. അതുവഴി നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌ 40,000 രൂപയുടെ ലാഭമാണ്‌. ഓഹരി വിലയുടെ ഇടിവ്‌ മൂലം ലാഭത്തിലുണ്ടായ 50,000 രൂപയുടെ കുറവിന്റെ ഏറിയ പങ്കും നിങ്ങള്‍ക്ക്‌ ഇതു വഴി നികത്താനാകുന്നു.

മറിച്ച്‌ ഓഹരി വില ഉയരുകയാണെങ്കില്‍ പുട്ട്‌ ഓപ്‌ഷന്‍ വാങ്ങുന്നതിനായി ചെലവാക്കിയ തുക നഷ്‌ടമാകും. എന്നാല്‍ ഓഹരി വില ഉയര്‍ന്നതിനാല്‍ ഈ നഷ്‌ടം നികത്താനാകും. 1520 രൂപയ്‌ക്ക്‌ മുകളിലേക്ക്‌ വില ഉയരുകയാണെങ്കില്‍ പുട്ട്‌ ഓപ്‌ഷനു ചെലവായ തുകയേക്കാള്‍ ഉയര്‍ന്ന ലാഭം നേടാനുമാകും.

നിക്ഷേപനഷ്‌ടത്തെ പ്രതിരോധിക്കാനായി ഓപ്‌ഷന്‍ വില്‍ക്കുന്ന രീതിയും അവലംബിക്കാവുന്നതാണ്‌. ഓപ്‌ഷന്റെ മൂല്യം അടിസ്ഥാനമൂല്യവും സമയമൂല്യവും ഉള്‍പ്പെട്ടതാണ്‌. ഓപ്‌ഷന്റെ സ്‌ട്രൈക്ക്‌ പ്രൈസും നിലവിലുള്ള വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ അടിസ്ഥാനമൂല്യം. ഉദാഹരണത്തിന്‌ ഒരു സ്റ്റോക്ക്‌ ഓപ്‌ഷന്റെ സ്‌ട്രൈക്ക്‌ പ്രൈസ്‌ 120 രൂപയും ഓഹരിയുടെ നിലവിലുളള വില 125 രൂപയും ആണെങ്കില്‍ ഓ പ്‌ഷന്റെ അടിസ്ഥാനമൂല്യം 5 രൂപയാണ്‌. സമയമൂല്യം എന്നത്‌ ഓപ്‌ഷന്റെ നിലവിലുള്ള വിലയും അടിസ്ഥാനമൂല്യവും തമ്മിലുള്ള വ്യത്യാസമാണ്‌. ഉദാഹരണത്തിന്‌ നേരത്തെ പറഞ്ഞ ഓപ്‌ഷന്‍ 8 രൂപയിലാണ്‌ വ്യാപാരം ചെയ്യുന്നതെങ്കില്‍ അതിന്റെ സമയമൂല്യം 8-5=3 രൂപയാണ്‌.
സമയമൂല്യം ദിവസം കഴിയുന്തോറും കുറഞ്ഞുകൊണ്ടിരിക്കും. ഓപ്‌ഷന്‍ കാലാവധി അവസാനിക്കുന്ന ദിവസം അതിന്‌ യാതൊരു സമയമൂല്യവും ഉണ്ടായിരിക്കില്ല. നേരത്തെ പറഞ്ഞ ഉദാഹരണം അനുസരിച്ച്‌ ഓപ്‌ഷന്‍ കാലാവധി അവസാനിക്കുന്ന ദിവസം ഓഹ രി വില 125 രൂപയിലാണെങ്കില്‍ ഓപ്‌ഷന്റെ പ്രീമിയം തുക 5 രൂപയായിരിക്കും. ഇവിടെ ഓപ്‌ഷന്‌ അടിസ്ഥാനമൂല്യം മാത്രമേയുള്ളൂ, സമയമൂല്യമില്ല എന്നതാണ്‌ കാരണം. ഓപ്‌ഷ ന്‍ വാങ്ങുന്നത്‌ ഓപ്‌ഷന്റെ അടിസ്ഥാനമൂല്യം ഉയരുന്നത്‌ ലക്ഷ്യം വെച്ചാണെങ്കില്‍ ഓപ്‌ഷന്‍ വില്‍ക്കുന്നതിലൂടെ ഓരോ ദിവസവും കുറഞ്ഞുവരുന്ന സമയമൂല്യത്തില്‍ നിന്ന്‌ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്യുന്നത്‌.

ഉദാഹരണത്തിന്‌ റിലയന്‍സിന്റെ 500 ഓഹരികള്‍ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന്‌ കരുതുക. ഇപ്പോള്‍ 1500 രൂപക്ക്‌ വ്യാപാരം ചെ യ്യുന്ന ഓഹരി 1600 രൂപക്ക്‌ മുകളിലേക്ക്‌ പോ കാന്‍ സാധ്യതയില്ലെന്നാണ്‌ നിങ്ങളുടെ അനുമാനം. അതിന്റെ അടിസ്ഥാനത്തില്‍ 10 രൂപ പ്രീമിയമുള്ള 1600 സ്‌ട്രൈക്ക്‌ പ്രൈസിലുള്ള കോള്‍ ഓപ്‌ഷന്റെ ഒരു ലോട്ട്‌ (500 എണ്ണം വീതമുള്ള ലോട്ട്‌) നിങ്ങള്‍ വില്‍ക്കുന്നുവെന്നിരിക്കട്ടെ. ഓപ്‌ഷന്റെ കാലാവധി അവസാനിക്കുന്ന ദിവസം 1600 രൂപയിലോ അതില്‍ താഴെയോയാണ്‌ ഈ ഓഹരി വ്യാപാരം അവസാനിപ്പിക്കുന്നതെങ്കില്‍ ആ ഓപ്‌ഷന്‌ സമയമൂല്യമോ ആന്തരികമൂല്യമോ ഉണ്ടാകില്ല. അതിലൂടെ 10X500=5000 രൂപ നിങ്ങള്‍ക്ക്‌ ലാഭമായി ലഭിക്കുന്നു.

പ്രതീക്ഷക്ക്‌ വിരുദ്ധമായി ഓഹരി വില 1600 രൂപക്ക്‌ മുകളിലേക്ക്‌ ഉയരുകയാണെങ്കില്‍ ഓപ്‌ഷന്‍ വ്യാപാരത്തില്‍ നഷ്‌ടം സംഭവിക്കുമെങ്കിലും കൈവശമുള്ള ഓഹരികളുടെ വിലയിലുണ്ടാകുന്ന ഉയര്‍ച്ചയിലൂടെ ഈ നഷ്‌ടം നികത്താനാകും.

ഓപ്‌ഷന്‍ വില്‍ക്കുന്ന രീതി എന്തിനാണ്‌ അനുവര്‍ത്തിക്കുന്നത്‌? വിപണി ഇടിയുമ്പോള്‍ ഹെഡ്‌ജിംഗിനായി പുട്ട്‌ ഓപ്‌ഷന്‍ വാങ്ങുന്ന ഒരാള്‍ ഉയര്‍ന്ന പ്രീമിയമാണ്‌ നല്‍കേണ്ടി വരുന്നത്‌. അതായത്‌ ഇവിടെ ഇന്‍ഷുറന്‍സ്‌ ചെലവേറിയതാണ്‌. വിപണി ചാഞ്ചാടുമ്പോള്‍ സമയമൂല്യം ഓപ്‌ഷന്റെ വില നിശ്ചയിക്കുന്നതില്‍ ഒരു നിര്‍ണായക ഘടകമായി പ്രവര്‍ത്തിക്കുന്നു. ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ദിവസങ്ങള്‍ക്കു മുമ്പുണ്ടായിരുന്നു വിലയിലേക്ക്‌ ഓഹരി തിരിച്ചെത്തിയാലും സമയമൂല്യം കുറഞ്ഞതു കാര ണം ആ ഓഹരിയുടെ കോള്‍ ഓപ്‌ഷന്റെ പ്രീമിയം തുകയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവ്‌ വന്നിരിക്കും. ഇതുമൂലം കോള്‍ ഓപ്‌ഷന്‍ വാങ്ങുന്നയാള്‍ക്ക്‌ നഷ്‌ടമാണ്‌ സംഭവിക്കുന്നത്‌.

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ സമയമൂല്യത്തിലുണ്ടാകുന്ന കുറവിനെ അടിസ്ഥാനമാക്കി ഓപ്‌ഷന്‍ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാണ്‌ ഓപ്‌ഷന്‍ വില്‍ക്കുന്ന ട്രേഡര്‍ ശ്രമിക്കുന്നത്‌.

Leave comment

Your email address will not be published. Required fields are marked with *.