ഉത്തരേന്ത്യയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും, മികച്ച വരുമാന വളര്‍ച്ച നേടുകയും ചെയ്‌ത വി-ഗാര്‍ഡ് 105 ശതമാനം വളര്‍ച്ചയാണ് ഒരു കൊല്ലത്തിനുള്ളില്‍ രേഖപ്പെടുത്തിയത്.ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറി വര്‍ധിച്ച വീര്യത്തോടെ മുന്നേറ്റം നടത്തുന്ന ഇന്ത്യന്‍ ഓഹരിവിപണിയുടെ പ്രകടനവും കേരള കമ്പനികളുടെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണമാണ്. എന്നാല്‍ ഇത് മാത്രമല്ല മറിച്ച് കേരള കമ്പനികള്‍ മികച്ച വരുമാനവും ലാഭവളര്‍ച്ചയും നേടുന്നത് തന്നെയാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. സേവനമേഖലയിലാണ് കേരള കമ്പനികളില്‍ ഭൂരിഭാഗവും. സംസ്ഥാനത്ത് ഓരോ വര്‍ഷവും വര്‍ധിച്ച തോതില്‍ എന്‍.ആര്‍.ഐ ഫണ്ട് വരുന്നത് മൂലം റീട്ടെയ്‌ല്‍ ഉപഭോഗം കൂടിയത് കമ്പനികളുടെ വരുമാന വര്‍ധനയ്‌ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണമാണ്.
അടുത്തിടെ കേരള കമ്പനികള്‍ മിക്കതും ബ്രാന്‍ഡിംഗിന് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ മണപ്പുറം തന്നെയാണ് മുന്‍പന്തിയില്‍. കമ്പനിയുടെ ഓഹരി വിലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ 217 ശതമാനത്തിന്റെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ ഇതിന്റെ ബ്രാന്‍ഡിംഗിനും പങ്കുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരള കമ്പനികള്‍ മികച്ച രീതിയില്‍ ലാഭവളര്‍ച്ച നേടിയിരുന്നു. ലാഭത്തിലെ ശരാശരി വളര്‍ച്ച 165.89 ശതമാനമാണ്. ഇക്കാലയളവില്‍ ആറു മുതല്‍ 160 ശതമാനം വരെ ലാഭവിഹിതം വിവിധ കമ്പനികള്‍ ഓഹരി ഉടമകള്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള കമ്പനികള്‍ നല്‍കിയ ശരാശരി ലാഭവിഹിതം 75 ശതമാനമാണ്. നിക്ഷേപകനെ സംബന്ധിച്ച് അനുകൂലമായ മറ്റൊരു ഘടകം കേരള കമ്പനികളുടെ വ്യാപാരവ്യാപ്‌തത്തിലെ വര്‍ധനയാണ്.
നിലവിലെ പ്രകടനത്തെ മുന്‍നിര്‍ത്തി, സന്തുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന കേരള കമ്പനികളെ ആശ്രയിക്കാവുന്നതാണ്. കേരള കമ്പനികള്‍ നേട്ടം നല്‍കുന്നത് തുടരും എന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. തുടര്‍ന്നും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ സാധ്യതയുള്ള കേരള കമ്പനികള്‍ ഏതൊക്കെയെന്ന് കേരളത്തിലെ പ്രമുഖ ബ്രോക്കിംഗ് കമ്പനികളുടെ സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു