കടമെടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക !
പുതിയ വായ്പയെടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ മൊത്തം പ്രതിമാസ ഗഡു EMI (ഇഎംഐ) കൈയില്‍ കിട്ടുന്ന മാസവരുമാനത്തിന്റെ 50-60 ശതമാനത്തില്‍ കൂടുതലാകുമോ എന്നതാണ്.
സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ് വായ്പാ മാനേജ്മെന്റ്. വീടെടുക്കാനും കാര്‍ വാങ്ങാനും ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണല്ലോ നമ്മില്‍ മിക്കവരും. അതുകൊണ്ടുതന്നെ വായ്പയെടുക്കാതെ നമ്മുടെ ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ലെന്നായിട്ടുണ്ട്. അതേ സമയം അമിതമായ വായ്പ നമ്മുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പുതിയ വായ്പയെടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ മൊത്തം പ്രതിമാസ ഗഡു (ഇഎംഐ) കൈയില്‍ കിട്ടുന്ന മാസവരുമാനത്തിന്റെ 50-60 ശതമാനത്തില്‍ കൂടുതലാകുമോ എന്നതാണ്. ആണെങ്കില്‍ വായ്പയെടുക്കാതിരിക്കുന്നതാണ് നല്ലത്. ഉദ്ദേശിച്ച ഭവനമോ കാറോ വാങ്ങുന്നത് മാറ്റിവെക്കേണ്ടി വരികയാണെങ്കിലും അമിത വായ്പ തലയിലേറ്റാതിരിക്കുന്നതാണ് ശരിയായ രീതി. സാമ്പത്തികമായ യോഗ്യതയ്ക്ക് അനുസരിച്ച് വായ്പയെടുക്കുന്നതാണ് ഉചിതം.
എത്ര തുക ഭവന വായ്പയായും കാര്‍ വായ്പയായും എടുക്കണമെന്നത് നിങ്ങളുടെ മാസവരുമാനത്തെ അടിസ്ഥാനമാക്കി തീരുമാനിക്കേണ്ട കാര്യമാണ്. ഭവന വായ്പയുടെ പ്രതിമാസ ഗഡു മാസവരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടരുത്. ഉദാഹരണത്തിന് നിങ്ങള്‍ ക്ക് 50,000 രൂപ മാസവരുമാനമുണ്ടെങ്കില്‍ നിങ്ങളുടെ ഭവന വായ്പയുടെ പ്രതിമാസ ഗഡു 20,000 രൂപയില്‍ കൂടരുത്.
അതുപോലെ വാഹന വായ്പയുടെ പ്രതിമാസ ഗഡു മാസവരുമാനത്തിന്റെ 20 ശതമാനത്തില്‍ കൂടരുത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50,000 രൂപ മാസവരുമാനമുണ്ടെങ്കില്‍ നിങ്ങളുടെ വാഹന വായ്പയുടെ പ്രതിമാസ ഗഡു 10,000 രൂപയില്‍ കൂടരുത്. ഭവനവായ്പയുടെ ഇഎംഐ വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ കാറിന്റെ ഇഎം ഐ കുറയ്ക്കുകയോ കാര്‍ വാങ്ങുന്നത് തല്‍ ക്കാലം മാറ്റിവെക്കുകയോ ചെയ്യണം.
നിലവിലുള്ള അമിത വായ്പയെ എങ്ങ നെ കൈ കാര്യം ചെയ്യുന്നുവെന്നത് സാമ്പത്തിക ആസൂത്രണത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലുള്ള കടമടക്കാന്‍ മറ്റൊരു കടമെടുക്കുകയാണ് പലരും ചെയ്യുന്നത്. ഇത് ഫലപ്രദമായി ചെയ്തില്ലെങ്കില്‍ സാമ്പത്തിക ബാധ്യത വഷളായി തുടരുക തന്നെ ചെയ്യും. വാര്‍ഷികാടിസ്ഥാനത്തില്‍ 30-35 ശതമാനം പലിശ വരുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പ കൃത്യമായി തിരിച്ചടക്കാത്തതുമൂലം പലരും കടക്കെണിയില്‍ പെടാറുണ്ട്. ഇത് തിരിച്ചടക്കാന്‍ പേഴ്സണല്‍ ലോണെടുക്കുകയാണ് ചിലര്‍ സ്വീകരിക്കുന്ന മാര്‍ഗം. എന്നാല്‍ അരക്ഷിത വായ്പയായ പേഴ്സണല്‍ ലോണിനും 15-25 ശതമാനം വാര്‍ഷിക പലിശയുണ്ട്. കടബാധ്യത ഉടനെയൊന്നും കാര്യമായി കുറയില്ലെന്നര്ഥം. അതിനാല്‍ സ്വര്‍ണമോ മറ്റ് ആസ്തികളോ പണയപ്പെടുത്തിയുള്ള താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള വായ്പയെടുത്ത് കടബാധ്യത കുറയ്ക്കുന്നതാണ് നല്ലത്.
വരുമാനത്തിന് അനുസരിച്ച് കടമെടുക്കുക എന്നത് സാമ്പത്തിക ആസൂത്ര ണത്തില്‍ പരമപ്രധാനമാണ്. കടക്കെണിയെന്നത് ഒരു മാരക രോഗം പോലെയാണ്. എത്രയും പെട്ടെന്ന് അതിന്റെ പിടി അയയുന്നതിനുള്ള സാധ്യമായ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ അത് നമ്മുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും. അമിത വായ്പാ ബാധ്യതയുണ്ടെങ്കില്‍ ദുരഭിമാനത്തിന്റെ പേരില്‍ അത് മറച്ചുവെക്കാതെ ഉറ്റവരെ അറിയിക്കുകയും കടം പെരുകാതിരിക്കാന്‍ സാമ്പത്തിക സഹായം തേടാവുന്ന ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അത് എത്രയും പെട്ടന്ന് തേടുകയുമാണ് വേണ്ടത്.