ഭവനവായ്പ അറിയേണ്ടതെല്ലാം !
ഭവനവായ്പ എടുക്കാത്തവരുണ്ടോ? വീടുവെച്ചിട്ടുള്ളവരിൽ ഭൂരിഭാഗംപേരും ഈ വായ്പ എടുത്തിട്ടുണ്ടാകും. വായ്പ അടച്ചുതീർക്കേണ്ട കാലാവധിയുടെ കാര്യത്തിലും ലോൺ തുകയുടെ കാര്യത്തിലും ഭവന വായ്പ തന്നെയാണ് മുന്നിൽ. 15 വർഷമോ അതിൽ കൂടുതലോ കാലാവധി വായ്പ അടച്ചുതീർക്കാൻ ലഭിക്കും. അടച്ചുതീരുമ്പോൾ നിങ്ങൾ വായ്പയായി എടുത്ത തുകയുടെ ഇരട്ടിയായിട്ടുണ്ടാകും പലിശയടക്കമുള്ള തുക. എന്നിരുന്നാലും പലിശയുടെ കാര്യത്തിൽ ആകർഷകം ഭവനവായ്പതന്നെ. ഏറ്റവും കുറവ് പലിശയാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നത്. വായ്പകളിൽ നല്ലതും ചീത്തയുമുണ്ട്. പലിശ കുറവായതുകൊണ്ട് ഭവന വായ്പ നല്ല വായ്പയായി അറിയപ്പെടുന്നു.
അടച്ചുതീർക്കാൻ ദീർഘകാലമുള്ളതുകൊണ്ടും ഒരു ആസ്തി സ്വന്തമാകുന്നതുകൊണ്ടും ഭവന വായ്പയെടുക്കുന്നതിന് ആരും നോ പറയാറില്ല. സ്വന്തമായി താമസിക്കാനും രണ്ടാമതൊരു വീട് എന്ന നിലയിൽ നിക്ഷേപമായും പലരും വീട് വെയ്ക്കാറുണ്ട്. വൻതുകനൽകി വാടകയ്ക്ക് താമസിക്കുന്നതിലും നല്ലത് സ്വന്തം വീടുവെച്ചുതാമസിക്കുന്നതുതന്നെ. നിക്ഷേപമായാണ് കരുതുന്നതെങ്കിൽ അതിൽനിന്ന് ലഭിക്കുന്ന വാർഷിക വരുമാനം വിലയിരുത്തേണ്ടതുണ്ട്. റിസ്ക് കൂടിയ നിക്ഷേപമാർഗമായാണ് റിയൽ എസ്റ്റേറ്റിനെ കാണേണ്ടത്. സ്വന്തമായി താമസിക്കാനാണ് വീടുവെയ്ക്കുന്നതെങ്കിൽ ഒട്ടും ആലോചിക്കേണ്ടതില്ല. ഇപ്പോൾ അതിന് മികച്ച സമയമാണ്.