ഓഹരി വിപണിയും ട്രേഡിംഗ് ഓര്ഡറുകളും
പ്രധാനമായും മൂന്നുതരം ഓർഡറുകളാണ് നിങ്ങൾക്ക് നൽകാൻ സാധിക്കുക.
നിശ്ചിത വില ഓർഡർ
നിശ്ചിത വിലയ്ക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമാണിത്. സ്ക്രീനിൽ കാണുന്നതിനേക്കാൾ അല്പം വില ഉയർത്തിയോ (വിൽക്കുന്പോൾ) താഴ്ത്തിയോ (വാങ്ങുന്പോൾ) ഓർഡർ നൽകുകയാണ് സാധാരണ ചെയ്യുന്നത്.
സ്റ്റോപ്പ് ലോസ് ഓർഡർ
ഒരു നിശ്ചിത വിലയ്ക്കൊപ്പം ഒരു ട്രിഗർപ്രൈസ് കൂട്ടിച്ചേർത്ത് നൽകുന്ന ഓർഡറാണിത്. ഓർഡറുടെ വില ട്രിഗർ പ്രൈസിൽ എത്തുന്പോൽ ഈ ഓർഡർ സ്വയം പ്രവർത്തനക്ഷമമാകുന്നു.
ഉദാഹരണത്തിന് ഒരു കന്പനിയുടെ ഓഹരി 100 രൂപയ്ക്കു വാങ്ങുന്നു എന്നു കരുതുക. ഇതിന്‍റെ വില എങ്ങോട്ടു നീങ്ങുമെന്ന് ഒരു നിശ്ചയവുമില്ല. നഷ്ടം 10 രൂപയിൽ ഒതുക്കുവാൻ നിക്ഷേപകൻ ആഗ്രഹിക്കുന്നു. സ്റ്റോപ്പ് ലോസ് ഓർഡർ നൽകാൻ അയാൾ തീരുമാനിക്കുന്നു. 90 രൂപയ്ക്ക് വിൽപന ഓർഡർ നൽകുന്നു. 91 രൂപ ട്രിഗർ പ്രൈസായും നൽകുന്നു. 91 രൂപയിലെത്തുന്പോൾ സ്റ്റോപ് ലോസ് ഓർഡർ ഓട്ടോമാറ്റിക്കായി നടപ്പാകും. ഓർഡർ 90 രൂപയിലായിരിക്കും നടപ്പാക്കുക.
നിങ്ങൾ വിറ്റ ഒരു ഓഹരി ഒരു നിശ്ചിത വിലയിലേക്ക് താഴുന്പോൾ അതു വീണ്ടും വാങ്ങാനും ഇത്തരം ഓർഡർ നൽകാം. ഓഹരി കൈവശമില്ലാതെ വിൽക്കുന്നതിനും (ഷോർട്ട്) ഈ രീതി ഉപയോഗിക്കാം.
ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്തെന്ന് കരുതുക. ദൗർഭാഗ്യവശാൽ വിപണി എതിർദിശയിലേക്ക് നീങ്ങുന്നു. നഷ്ടം പരിമിതപ്പെടുത്താൻ സ്റ്റോപ്പ് ലോസ് ഓർഡർ സഹായകരമാകും.
മാർക്കറ്റ് ഓർഡർ
കന്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന വിലയ്ക്കു തന്നെ ഓർഡർ നടപ്പാക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഒരു കന്പനിയുടെ 100 ഓഹരികൾ നിങ്ങൾക്ക് വാങ്ങണമെന്നുണ്ട്. 60 രൂപയ്ക്ക് 80 എണ്ണം ലഭിക്കും. അടുത്ത ലോട്ടിന് 82 രൂപയാണ്. അങ്ങനെ 80 ഓഹരികൾ 60 രൂപയ്ക്കും 20 ഓഹരികൾ 62 രൂപയ്ക്കും വാങ്ങാം.