മെഡിക്ലെയിം പോളിസികള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
ഏറ്റവും കൂടുതൽ മെഡിക്ലെയിം പോളിസികൾ വിറ്റുപോകുന്ന സമയമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങൾ. ആദായനികുതി ഇളവ് ലഭിക്കും എന്നതുകൊണ്ട് പലരും തിരക്കിട്ട് ഇത്തരം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നു. എന്നാൽ, ഇത് ദീർഘകാലത്തേക്ക്ഉപകരിക്കാൻ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചികിത്സയ്ക്ക് പണം ലഭ്യമാക്കുന്ന പലതരത്തിലുള്ള ഇൻഷുറൻസ് പോളിസികളുണ്ട്. പേരുകളും വ്യത്യസ്തമായിരിക്കും. കവറേജിലും പ്രീമിയത്തിലും നിബന്ധനകളിലും വ്യത്യാസമുണ്ട്. അത്തരത്തിലുള്ള ചില പോളിസികളെക്കുറിച്ച് മുൻധാരണ ഉപകാരപ്പെടും. പോളിസി ഉടമയ്ക്കും ആശ്രിതരായ കുടുംബാംഗങ്ങൾക്കും ചികിത്സാ കവറേജ് ഒരുമിച്ച് ലഭ്യമാക്കുന്ന പോളിസികളാണ് ഫാമിലി ഫ്ളോട്ടർ മെഡിക്ലെയിം പോളിസികൾ. ഇത്തരം പോളിസികളുടെ സം അഷ്വേർഡ് തുക പോളിസിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും തുല്യമായി ലഭിക്കും. ഭാര്യ, ഭർത്താവ്, മകൻ, മകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള പോളിസികളാണ് ഫാമിലി ഫ്ളോട്ടർ പോളിസികൾ എന്നറിയപ്പെടുന്നത്. നാലു ലക്ഷം രൂപയാണ് കവറേജ് തുകയെങ്കിൽ ഒരു വർഷം ചികിത്സയ്ക്ക് പോളിസിയിലുള്ള എല്ലാ വർക്കുമോ അല്ലെങ്കിൽ ഒരാൾക്ക് മാത്രമായോ നാലു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
കുടുംബത്തിലെ ഒരോരുത്തർക്കുമായി ഒരു ലക്ഷം രൂപയുടെ കവറേജിൽ ഓരോ പോളിസി വാങ്ങുന്നതിനു പകരം നാലു ലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടർ പോളിസി വാങ്ങുന്നതാണ് നല്ലത്. നാലു പേർക്കും ഒരേസമയം അസുഖം പിടിപെടണം എന്നില്ല. എന്നാൽ, ആർക്കെങ്കിലും ഒരാൾക്ക് അസുഖം വന്നാൽ നാലു ലക്ഷം രൂപയ്ക്കുള്ള ആനുകൂല്യം ലഭിക്കുകയും ചെയ്യും. നാലു പോളിസി വാങ്ങുന്നതിനേക്കാൾ കുറവേ പ്രീമിയവും വരികയുള്ളൂ. ഒരാൾക്ക് മാത്രം കവറേജ് ലഭ്യമാക്കുന്ന പോളിസിയാണ് ഇൻഡിവിഡ്വൽ മെഡിക്ലെയിം പോളിസികൾ. ആശ്രിതരില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇത്തരം പോളിസികൾ പ്രയോജനപ്പെടും. ക്രിട്ടിക്കൽ ഇൽനെസ് പോളിസികൾ മാരകരോഗം പിടിപെട്ടാൽ ചികിത്സയ്ക്ക് വേണ്ടിവരുന്ന ഉയർന്ന തുകയ്ക്ക് കവറേജ് ലഭിക്കുന്ന അധിക ഇൻഷുറൻസ് സംരക്ഷണമാണ്. നിലവിലുള്ള മെഡിക്ലെയിം പോളിസിയ്ക്ക് ഒപ്പം ചുരുങ്ങിയ പ്രീമിയം കൂടി അധികം നൽകി ഈ സംരക്ഷണം നേടാം. അല്ലെങ്കിൽ മാരക അസുഖങ്ങളുടെ കവറേജിനു മാത്രമായും പോളിസിയിൽ ചേരാം. മെഡിക്ലെയിം പോളിസിയിൽ ചേർന്നു എന്നതുകൊണ്ട് മാത്രം എല്ലാ അസുഖങ്ങൾക്കും കവറേജ് ലഭിക്കില്ല എന്ന കാര്യം മറക്കരുത്. പല പോളിസികളിലും ചില അസുഖങ്ങൾക്ക് കവറേജ് നൽകില്ല എന്ന്് വ്യക്തമാക്കിയിട്ടുണ്ടായിരിക്കും
ചികിത്സിക്കുന്ന ഡോക്ടർ പോളിസി എടുക്കുന്ന വർഷത്തിനു മുമ്പേ ഇത്തരം രോഗം പോളിസി ഉടമയ്ക്ക് ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയാൽ ക്ലെയിം ലഭിക്കില്ല. കോൺടാക്ട് ലെൻസ്, കണ്ണട, ഹിയറിങ് എയ്ഡ്സ് തുടങ്ങിയവ ചികിത്സയുടെ ഭാഗമായി വേണ്ടിവന്നാൽ ഇതിന്റെ വിലയ്ക്ക് പോളിസിയിൽ പ്രത്യേകം പറയുന്നില്ല എങ്കിൽ ക്ലെയിം ലഭിക്കില്ല. ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത ശസ്ത്രക്രിയ, പരിശോധന തുടങ്ങിയവയ്ക്കും ക്ലെയിം നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലഭിക്കൂ. ദന്തചികിത്സയ്ക്കും പോളിസി നിബന്ധനകളിൽ പ്രത്യേകം പറയുന്നില്ല എങ്കിൽ ക്ലെയിം ലഭിക്കില്ല. മനഃപൂർവം സ്വയം പരിക്കേൽപ്പിക്കൽ, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ അത്തരം ചികിത്സാ ചെലവിനും കവറേജ് ലഭിക്കില്ല. പ്രസവത്തിന് എല്ലാ പോളിസികളിലും ആനുകൂല്യം ലഭിക്കില്ല. പോളിസി വാങ്ങും മുമ്പ് പോളിസി സംബന്ധിച്ച ഇത്തരം നിബന്ധനകൾ കൂടി വ്യക്തമായി മനസിലാക്കിയിരിക്കണം