ഓഹരി നിക്ഷേപം: ദീര്‍ഘകാല മൂലധന നേട്ടത്തിന് 10% നികുതി
ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല നേട്ടനികുതി പുനഃസ്ഥാപിച്ചു. ഒരുവർഷത്തിൽ കൂടുതൽ കൈവശം വെച്ച് വിൽക്കുന്ന ഓഹരികളിൽനിന്നുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതേസമയം, ഒരു ലക്ഷത്തിനുമുകളിൽ ലഭിക്കുന്ന നേട്ടത്തിന് ഇനി 10 ശതമാനം നികുതി നൽകേണ്ടിവരും. ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കില്ല. 100 രൂപയുടെ ഓഹരി നിങ്ങൾ ഒരുവർഷംമുമ്പ് വാങ്ങിയെന്നിരിക്കട്ടെ, അത് ഒരുവർഷത്തിനുശേഷം 120 രൂപയ്ക്ക് വിറ്റാൽ അതിൽനിന്ന് നേട്ടമായി ലഭിച്ച 20 രൂപയുടെ പത്തു ശതമാനം നിങ്ങൾ നികുതിയായി നൽകേണ്ടിവരുമെന്ന് ചുരുക്കം(ഓഹരി നിക്ഷേപത്തിൽനിന്നുള്ള നേട്ടം ഒരുലക്ഷത്തിന് മുകളിലായാലാണ് ഈ ഉദാഹരണം ബാധകമാകുക).
ഒരു വർഷത്തിനുള്ളിലാണ് നിങ്ങൾ ഓഹരി വിറ്റ് ലാഭമെടുക്കുന്നതെങ്കിൽ നിലവിലുള്ള 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകമാണ്. ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി പുനഃസ്ഥാപിച്ചതോടെ ആദ്യവർഷംതന്നെ 20,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിനും 10 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.